ഡേ ഡ്യൂട്ടി കഴിഞ്ഞു അര്‍ക്കന്‍ അറ്റ്‌ലാന്ടികില്‍ മുങ്ങി. ചിന്താവിഷ്ടനായ ഷേക്ക്‌സ്പിയര്‍(ഇനി അങ്ങോട്ട്‌ നമ്മുടെ ആശാന്‍ അല്ലെങ്കില്‍ ഷേക്ക്‌) ഉത്തരം നോക്കി നെടുവീര്‍പ്പിട്ടു. മേശപ്പുറത്തിരിക്കുന്ന ബര്‍ഗരിന്റെ ചുറ്റും ചോണനുറുമ്പും കട്ടുറുമ്പും വട്ടമിട്ടു നടക്കുന്നു. തുറന്നു വച്ചിരിക്കുന്ന കട്ടന്‍ ചായയില്‍ രണ്ടു തടിയന്‍ ഈച്ചകള്‍ ചാടി വീര ചരമം പ്രാപിച്ചിരിക്കുന്നു. പാതി വലിച്ച ചുരുട്ടിന്റെ ഓരത്ത് നിന്നും ഉയര്‍ന്നു വന്ന പുക ആശാന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നം വരച്ചു, "ഇനി എന്ത്"



ആശാന്‍ മൊട്ടത്തലയില്‍ അവശേഷിച്ച തിരുശേഷിപ്പുകളായ ഒന്നോ രണ്ടു മുടിയിഴകളില്‍ ആഞ്ഞു വലിച്ചു ന്യൂറൊണുകളുടെ സംവേദനക്ഷമത കൂട്ടി, തലയില്‍ ഐസ് വച്ചു, ബ്രഹ്മിയും നരുനീണ്ടിയും കൂടെ തഴുതാമയുടെ വേരും, സ്കോട്ച്ചു വിസ്കിയില്‍ സമം ചാലിച്ച്, രാവിലേം വൈകുന്നേരവും രണ്ടു നേരം വെറും വയറ്റില്‍ പിടിപ്പിച്ചു നോക്കി, ഇല്ലാ രക്ഷ ഇല്ലാ.. ഭാവന വരുന്നില്ല, സര്ഗാത്മകതക്ക് മുള പൊട്ടുന്നില്ല!! ആശയദാരിദ്രം പിടിപെട്ട എഴുത്തുകാരന്‍ ഉപവാസം ഇല്ലാത്ത അന്ന ഹസാരെയെ പോലെ ആണെന്ന് പണ്ട് കോഫീ അണ്ണന്‍ പറഞ്ഞത് എത്ര ശരി, ടെമ്പെസ്റ്റ്‌ എഴുതിയ കാശ് കൊണ്ട് വീട്ടിന്റെ വാടക അടച്ചു, മാക്ബെതിന്റെ രോയല്ടി കിട്ടിയമ്പോള്‍ നാരായണേട്ടന്റെ പലചരക്ക് കടയിലെ പറ്റു തീര്‍ത്തു, റോമിയോ ജൂലിയറ്റ്‌ വിറ്റ കാശ് കൊണ്ട് ഇന്നലെ ബീവരെജിന്റെ മുന്നില്‍ ക്യൂ നില്‍ക്കാന്‍ പറ്റി നാളെ ഒരു ചോദ്യ ചിഹ്നം ആയി മുന്നില്‍ നില്‍ക്കുമ്പോള്‍ ആശാന്റെ മുന്നില്‍ വേറെ വഴികള്‍ ഒന്നും കാണുന്നില്ല.



വെളിയില്‍ എഡിന്‍ബരോവില്‍ നിന്നും ലണ്ടനിലേക്ക് രാവിലെ പോകുന്ന പരശുറാം എക്സ്പ്രസ്സിന്റെ കാതടപ്പിക്കുന്ന ശബ്ദഘോഷം. സീസന്‍ ടിക്കറ്റെടുത്ത് രാവിലെ തന്നെ വെടിയും പറഞ്ഞു, ശമ്പളകമ്മീഷനെ ശപിച്ചു, രാഷ്ട്രീയക്കാരെ തെറി പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ലോര്‍ഡ്സിലെ പെര്ഫോര്‍മന്സിനെ തലനാരിഴ കീറി വിശകലനം ചെയ്തു പോകുന്ന അഭിനവ സര്‍ക്കാരുദ്യോഗസ്ഥരെയും പ്രൈമറി സ്കൂള്‍ മാഷന്മാരെയും ആശാന് പണ്ടേ പുച്ഛം ആയിരുന്നു. ഇത്രയും സാമ്പത്തിക സുരക്ഷിതത്വം ഉള്ള ഒരു വര്‍ഗത്തെ ലോകത്തെവിടെയും കാണാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാണെന്ന് ചില അലവലാതികള്‍ പറഞ്ഞു നടക്കുന്നുണ്ട്, ഇതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍).)))00)).).).0).).)))).



അല്ലേല്‍ തന്നെ കഥ എഴുത്തുകാരനെ ഈ സമൂഹം ഒരിക്കലും അന്ഗീകരിക്കില്ലല്ലോ, കീട്സിനും ഷെല്ലിക്കും കടമ്മനിട്ടയുടെയും ഉള്ളൂരിന്റെയും കവിതകള്‍ പുതിയ കുപ്പികളിലാക്കി ജീവിക്കാം, ഐസക്‌ ന്യൂട്ടന് ആര്യഭടീയം മൊഴി മാറ്റി പ്രിന്‍സിപിയ മാതമാറ്റിക ഉണ്ടാക്കാം, മാര്‍ക്കൊണിക്ക് ബോസ്സിന്റെ റേഡിയോ അടിച്ചു മാറ്റാം, ഇതൊന്നും പറ്റാത്ത വിന്‍സ്റ്റാന്‍ ചര്‍ച്ചിലിനു സുകുമാര്‍ അഴീകൊടിന്റെ പ്രസംഗം അടിച്ചു മാറ്റി ഐക്യരാഷ്ട്ര സഭയില്‍ കത്തിക്കയറാം, ഒരു പാവം കഥ എഴുത്തുകാരന്റെ വിലാപങ്ങള്‍ ആര് കേള്‍ക്കാന്‍. കാളിദാസന്റെയും വാല്മീകിയുടെയും ഹോമരിന്റെയും കഥകള്‍ വിവരമുള്ള ഇന്ഗ്ലാണ്ടുകാര്‍ വായിക്കാന്‍ തുടങ്ങിയ കാരണം അടിച്ചു മാറ്റലിനു ഒരു സ്കോപും കാണുന്നില്ല..ഇത്തരം അവസരങ്ങളില്‍ തന്റെ സന്തത സഹചാരിയും ഗ്ലാസ്‌മെറ്റുമായ ബര്‍നാര്‍ഡ് ഷായെ കാണുന്നുമില്ല (രണ്ടീസം മുമ്പ് കുഞ്ഞാലിക്കുട്ടിയുടെ മോളെ മംഗലതിനു പോയപ്പോള്‍ ഓന്‍ ലേശം ഓവര്‍ ആയിരുന്നു, എന്നാലും നാടന്‍ അടിച്ചാല്‍ പോലും രണ്ടു ദിവസത്തെ ഹന്ഗോവേര്‍ വരാന്‍ സാധ്യത ഇല്ലല്ലോ, ഇനി ചിലപ്പോ ഉഷ്ണരക്തം ഉള്ള പാമ്പുകള്‍ക്ക് ശീതകാലത്ത് ദീര്‍ഖനിദ്ര പതിവുണ്ടെന്നു കേട്ടിട്ടുണ്ട്, അതായിരിക്കും കാരണം).



ആശാന്‍ പുറത്തിറങ്ങി വിശാലമായ ആകാശം നോക്കി, തന്റെ എല്ലാ പ്രശ്ങ്ങന്ള്‍ക്കും ഉത്തരം തരാറുള്ള സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യാളനെ വിളിച്ചു, ഇനിയെങ്കിലും തന്റെ മൊട്ടത്തലയിലെ ബള്‍ബ്‌ മിന്നിച്ചില്ലേല്‍ താന്‍ കുര്‍ള എക്സ്പ്രസ്സിന്റെ മുന്നില്‍ ചാടുമെന്ന് കട്ടായം പറഞ്ഞു, വലിയ വായിലെ നിലവിളി കേട്ടത് കൊണ്ടോ എന്തോ പുണ്യാളന്‍ തന്റെ അപ്പോഴത്തെ എല്ലാ പരിപാടികളും മാറ്റി വച്ച്, ആശാന്റെ മുന്നില്‍ ഹാജരായി.



പുണ്യാളന്‍::,:"എന്താ നിന്റെ പ്രശ്നം."



ആശാന്‍ ചൊടിച്ചു: "അതെ രംജിരാവ് സ്പീകിംഗ്‌ ഞാനും കണ്ടതാ, ഒന്നും അറിയാത്ത പോലെ."



മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ആശാന്റെ അടുത്ത് ചെന്ന പുണ്യാളന്‍ വാല്‍സല്യത്തോടെ പറഞ്ഞു"എടാ ഗഡി, എന്തൂട്ടാ നിന്റെ പ്രശ്നം, ഒക്കെ നമ്മക്ക് ശരിയാക്കാ."



ഷേക്ക്‌ വിടാന്‍ ഭാവമില്ല" ദേ തുടങ്ങി പ്രാന്ചിയേട്ടന്‍."



പുണ്യാളന്‍ ചിരിച്ചു കൊണ്ട് "ഇപ്പൊ നിനക്ക് മനസ്സിലായോ, സാക്ഷാല്‍ പുണ്യാളന്‍മാര്‍ വരെ അടിച്ചുമാറ്റിയാണ് ജീവിക്കുന്നത് അപ്പോഴാ അവന്റെ ഒരു സ്വയംകൃത സര്‍ഗാത്മകത."



കുരു പൊട്ടി നിന്ന ഷേക്ക്‌ ചിന്താധീനനായി, "അപ്പൊ എന്താ ഇങ്ങള് ഈ പറയുന്നത് ഞാനും തുടങ്ങണോ."



പുണ്യാളന്‍::: :::, "പിന്നല്ലാതെ, നീ ആ എം ടി യുടെയും ബഷീറിന്റെയും പഴയ നോവലോക്കെ എടുത്തു വായിക്കു മാഷേ, പിന്നെ സഞ്ചാരം ആണേല്‍ എസ് കെ പൊറ്റക്കാട് ആണ് ബെസ്റ്റ്‌ ഇനി വല്ല പ്രേത കഥയുമാണേല്‍ കോട്ടയം പുഷ്പനാഥ് ഉണ്ടെടാ(കാര്യം അങ്ങേരും അങ്ങേരുടെ കുടുംബക്കാരും മാത്രേ അത് വായിക്കാറുള്ളൂ എങ്കിലും ഈ ഇന്ഗ്ലന്ടുകാര്‍ക്ക് ഇതൊക്കെ മതി). ഇതൊക്കെ വായിച്ചു നീ ഹാംലെറ്റെന്നും സീസരെന്നും കുറെ കാച്ചങ്ങു കാച്ചു, ചിലപ്പോ നിന്നെ അവര്‍ ഒരു വിശ്വസാഹിത്യകാരന്‍ ആക്കുമെടാ, നിന്റെ ദോസ്ത് ബെര്നാര്ടിനു പോലും കിട്ടാത്ത ഷെവലിയരു പട്ടവും കിട്ടും(പിന്നെ പറഞ്ഞു വരുമ്പോള്‍ ഇതും അടിച്ചു മാറ്റല്‍ ആണ്, പണ്ട് തിരുവിതാംകൂര്‍ രാജാവ് പട്ടും വളയും കൊടുത്ത കേസ് ആണ്)."



ഷേക്കിന് എന്നിട്ടും ഒരു സംശയം, "ഇത് ശരി ആണോ, ഇങ്ങനെ പോയാല്‍ തന്റെ ഇന്ത്യയിലെ ഇമേജ് പോകത്തില്ലേ"



പുണ്യാളന്‍:, " നീ വിഷമിക്കേണ്ട ഗഡി, നാളെ ഇവന്മാരും നിന്റെ കൃതികള്‍ അടിച്ചു മാറ്റും, രണ്ടായിരം പിറക്കാന്‍ മൂന്ന് കൊല്ലം ഉള്ളിടത്ത് ഹൈവേ എന്നും അറേബ്യ എന്നുമൊക്കെ ഉള്ള ചവറു പടങ്ങള്‍ എടുത്തു പണ്ടാരടങ്ങിയ ജയരാജ്‌ നിന്റെ ഒഥല്ലോ അടിച്ചു മാറ്റി കളിയാട്ടം എന്ന പടം എടുക്കും, അക്കൊല്ലം വേറെ നല്ല പടങ്ങള്‍ ഒന്നും ഇല്ലാത്ത വകയില്‍ അതിനു കേന്ദ്രന്റെ അവാര്‍ഡും, വിരല് പൊക്കി എരുമചാണകം എന്ന് മാത്രം പറയാന്‍ അറിയാവുന്ന സുരേഷ് ഗോപിക്ക് ഭരത് അവാര്‍ഡും കിട്ടും, അന്ന് എല്ലാരും നിന്നെ സ്നേഹപൂര്‍വ്വം, ആദരപൂര്‍വം സ്മരിക്കും. നിന്റെ കൃതികള്‍ക്ക് മുന്നില്‍ നമിക്കും, നിനക്ക് വേണ്ട ആദരവും കിട്ടും."



കൂടുതല്‍ നേരം നിന്നാല്‍ ഷേക്കിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറും എന്നുറപ്പായ പുണ്യാളന്‍ ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കി : "അതേയ്, കുമ്പസാരക്കൂട്ടില്‍ ഇപ്പൊ വന്‍ ക്യൂ ആയിക്കാണും, അതുമിതും ആലോചിക്കാതെ പോയി വായന തുടങ്ങൂ ഇഷ്ടാ..". പുണ്യാളന്‍ അപ്രത്യക്ഷനായി.



പറഞ്ഞു തീര്‍ന്നതും, മുപ്പതു ദിനത്തിനുള്ളില്‍ മലയാളം എങ്ങനെ പഠിക്കാം എന്ന പെന്‍ഗ്വിന്‍ ബുക്സിന്റെ പുസ്തകം ഒരു കാറ്റില്‍ പറന്നു ഷേക്ക്‌സ്പിയരിന്റെ വീട്ടിന്റെ ഉമ്മറത്ത്‌ വന്നു വീണതും ഒരുമിച്ചായിരുന്നു (ഈ പുണ്യാളന്റെ ഒരു കാര്യം).



NB: ഷേക്ക്‌സ്പിയരിന്റെ ആരാധകരെ മാപ്പ്.. വിശ്വസാഹിത്യത്തിനു നേര അസൂയപൂണ്ടു നഖം കടിച്ചു നില്‍ക്കുന്ന അന്ധമായ മലയാളഭാഷാപ്രേമം തലയ്ക്കു പിടിച്ച ഒരു മലയാളിയുടെ ജല്പനമായി ഇതിനെ കരുതിയാല്‍ മതി.

Friday, January 13, 2012

No comments:

Post a Comment